Leader Page
പ്രിയദർശിനി സർവീസുകളിലൂടെ കെഎസ്ആർടിസി ഏറെപ്പേർക്കു പ്രിയപ്പെട്ടതായെന്നതു വസ്തുതയാണ്. കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യുന്ന വനിതകളുടെ എണ്ണത്തിൽ വലിയ കുതിപ്പാണ് കേരളമെമ്പാടും ഉണ്ടായത്. ഈ കുതിപ്പ് കെഎസ്ആർടിസിയുടെ ലാഭത്തിന്റെ കണക്കായി മാറുമെന്ന് ആരും പ്രതീക്ഷിക്കുന്നില്ലെങ്കിലും, പ്രിയദർശിനിയെ വനിതകളായ ബസ് യാത്രികരെല്ലാം ഹൃദയത്തിലേറ്റിക്കഴിഞ്ഞു.
പ്രിയദർശിനി തൂക്കിയ പ്രിയം
പ്രിയദർശിനി വന്നപ്പോൾ വലിയൊരു വിഭാഗം വനിതാ യാത്രക്കാർക്കു പ്രിയം കുറഞ്ഞൊരു വിഭാഗമുണ്ട്. അതു സംസ്ഥാനത്തെ സ്വകാര്യബസുകളാണ്.
വരൂ, സീറോ ടിക്കറ്റിൽ യാത്ര ചെയ്യാം... സുസ്വാഗതവുമായി കെഎസ്ആർടിസി പ്രിയദർശിനി കൈനീട്ടി വിളിക്കുമ്പോൾ, എന്തിനു സ്വകാര്യ ബസുകളിൽ പണം കൊടുത്തു യാത്ര ചെയ്യണമെന്നു സ്ത്രീകളുടെ സ്വാഭാവിക ചോദ്യം.
ഈ ചോദ്യം കേരളത്തിലെ ലക്ഷത്തിലധികം ആളുകളുടെ വരുമാനമാർഗമായ സ്വകാര്യബസ് വ്യവസായത്തെയാണു പ്രതിസന്ധിയിലേക്കു തള്ളിവിട്ടതെന്നു ബസുടമകൾ. പ്രവർത്തനച്ചെലവ് കൂടിയതിന്റെ ഭാരം താങ്ങാനാവുന്നില്ലെന്ന പരാതി നിലനിൽക്കുമ്പോഴാണു തങ്ങളെ വീണ്ടും വരുമാന നഷ്ടത്തിലേക്കു തള്ളിവിട്ടു സർവീസ് നടത്താനാവാത്ത സാഹചര്യത്തിലെത്തിച്ചതെന്നാണു സ്വകാര്യ ബസുടമകളുടെ വാദം.
ഇതു ബസല്ല, ജീവിതമാണ്!
സംസ്ഥാനത്ത് 14 ജില്ലകളിലായി ആകെ 11,950 സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നുണ്ടെന്നാണ് സംസ്ഥാന ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്റെ കണക്ക്. പാലക്കാട് മുതൽ കാസർഗോഡ് വരെയുള്ള ആറു ജില്ലകളിലാണ് സ്വകാര്യ ബസ് സർവീസുകൾ അധികമുള്ളത്.
ബസുടമകളുടെ എണ്ണം എണ്ണായിരത്തിലധികം. ഡ്രൈവർമാർ, കണ്ടക്ടർമാർ, ക്ലീനർമാർ, സഹായികൾ എന്നീ വിഭാഗങ്ങളിൽ അറുപതിനായിരത്തോളം ആളുകൾ സ്വകാര്യ ബസുകളിലൂടെ വരുമാനം കണ്ടെത്തുന്നു. ഇവയ്ക്കു പുറമേ, ടെക്നീഷന്മാർ, ബസ് സ്റ്റാൻഡുകളിൽ ജോലി ചെയ്യുന്നവർ, വർക്ക് ഷോപ്പ് ജോലിക്കാർ തുടങ്ങി സ്വകാര്യബസ് മേഖലയെ ആശ്രയിച്ചു ജീവിതമാർഗം തേടുന്നവർ മുപ്പതിനായിരത്തോളം പേരുണ്ടാകും. അങ്ങനെ ലക്ഷത്തോളം പേരുടെയും അവരുടെ കുടുംബങ്ങളുടെയും ജീവിതമാണു സ്വകാര്യ ബസ് മേഖലയിൽനിന്നു പ്രകാശം തേടുന്നത്.
അതെ.., തങ്ങൾ നടത്തുന്നതു കേവലം ബസ് സർവീസല്ല, ജീവിതം കൂടിയാണെന്നു ബസുടമകളും ജീവനക്കാരും...!
നഷ്ടം വരുന്ന വഴി
പ്രിയദർശിനി സൗജന്യ യാത്രാസൗകര്യം വന്നതിനു പിന്നാലെ, സംസ്ഥാനത്തെ സ്വകാര്യ ബസുകളിൽ വനിതാ യാത്രക്കാരുടെ എണ്ണം വലിയ തോതിൽ കുറഞ്ഞു. ഇതു ബസുകളുടെ കളക്ഷൻ തുകയിൽ ശരാശരി 1000 - 4000 രൂപ കുറവുണ്ടാക്കിയിട്ടുണ്ടെന്നാണു ബസുടമകളുടെ വാദം.
കളക്ഷനിൽ 60 ശതമാനം ഡീസലിനായി മാറ്റിവയ്ക്കണം. പ്രതിദിനം 160 മുതൽ 350 കിലോമീറ്റർ വരെയാണു സ്വകാര്യ ബസുകൾ സർവീസ് നടത്തുന്ന ശരാശരി ദൂരം.
20-25 ശതമാനം തുക ജീവനക്കാർക്കു ശമ്പളമിനത്തിൽ നൽകേണ്ടതുണ്ട്. തെക്കൻ ജില്ലകളിൽ ശരാശരി രണ്ടും മലബാർ ജില്ലകളിൽ മൂന്നും വീതം ജീവനക്കാർ ബസിലുണ്ട്. ചിലയിടങ്ങളിൽ ഉടമകൾ തന്നെ ഡ്രൈവറോ കണ്ടക്ടറോ ആയി പണിയെടുക്കുന്നുണ്ട്. ഓണം പോലുള്ള ആഘോഷാവസരങ്ങളിൽ ജീവനക്കാർക്കു ബോണസും നൽകണം.
12 ശതമാനത്തോളം തുക നികുതി, ടയർ തേയ്മാനം, ഓയിൽ മാറ്റം, ഫിറ്റ്നസ്, മെയിന്റനൻസ് എന്നിവയ്ക്കായി മാറ്റിവയ്ക്കണം. ഇതെല്ലാം കഴിഞ്ഞു തുച്ഛമായ തുകയാണ് തങ്ങളിലേക്ക് എത്തുന്നതെന്നു ഉടമകൾ ചൂണ്ടിക്കാട്ടുന്നു.
പ്രിയദർശിനി സൗജന്യയാത്രയിലൂടെ സ്വകാര്യ ബസുകളുടെ വരുമാനം കുറഞ്ഞെന്നും ലാഭം ഇല്ലാതായെന്നും മാത്രമല്ല, പല റൂട്ടുകളിലും ജീവനക്കാർക്ക് ഉടമകൾ പോക്കറ്റിൽനിന്ന് ശമ്പളം കൊടുക്കേണ്ട ഗതികേടിലാണെന്നും സംസ്ഥാന ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി ഹംസ ഏരക്കുന്നേൽ പറഞ്ഞു.
പ്രിയദർശിനി പദ്ധതി തുടങ്ങിയശേഷം ആദ്യത്തെ 15 ദിവസം സ്വകാര്യ ബസുകളുടെ കളക്ഷനിൽ ഏകദേശം 30 കോടി രൂപയുടെ കുറവുണ്ടായെന്നാണ് ഓൾ കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ കണക്ക്.
പ്രിയദർശിനിയായത് 3,125 ബസുകൾ
സംസ്ഥാനത്ത് 3,125 കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്കു സൗജന്യയാത്ര നൽകുന്ന സീറോ ടിക്കറ്റ് സേവനം ലഭ്യമാണ്. ഓർഡിനറി, സിറ്റി ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി, പോയിന്റ് ടു പോയിന്റ്, ഗ്രാമവണ്ടി, ഫെയർ സ്റ്റേജ് ലിമിറ്റഡ് സ്റ്റോപ്പ്, ടൗൺ ടു ടൗൺ എന്നീ വിഭാഗങ്ങളിലുള്ള ബസുകളിലാണ് പ്രിയദർശിനി സൗജന്യയാത്ര നിലവിൽ അനുവദിച്ചിട്ടുള്ളത്. 100 ദിവസത്തിനു ശേഷം പദ്ധതി വ്യാപിപ്പിക്കുമെന്നാണ് ആദ്യഘട്ടത്തിൽ സർക്കാർ നൽകിയ സൂചന.
ജി ഫോം ആശ്രയം!
നഷ്ടത്തിലായ ബസുകളുടെ സർവീസുകൾ സ്വമേധയാ നിർത്തിവയ്ക്കാൻ ഗതാഗത വകുപ്പുതന്നെ സ്വകാര്യ ബസുടമകൾക്കു നൽകുന്ന അവസരമാണ് ജി ഫോം സമർപ്പിക്കൽ. ഇതു നല്കിയാല് ബസുകള്‍ മൂന്ന് മാസത്തേക്കോ ഒരു വര്‍ഷത്തേക്കോ സർവീസില്ലാതെ ഷെഡിലിടാം.
ഇതിനിടയിൽ ജി ഫോം പിൻവലിച്ചു ബസുകൾ നിരത്തിലിറക്കാനും അവസരമുണ്ട്. കെഎസ്ആർടിസിയിൽ സ്ത്രീകൾക്കു സൗജന്യയാത്ര ആരംഭിച്ചതോടെ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ശരാശരി 15- 30 ബസുകൾ ജി ഫോം നൽകി സർവീസ് നിർത്തിയിട്ടുണ്ടെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.
സ്വകാര്യ ബസുകളുടെ പ്രതിദിന കളക്ഷനിൽനിന്നുള്ള ചെലവ്-ശതമാനത്തിൽ
പ്രതിദിന കളക്ഷൻ
ഇന്ധനം
ശമ്പളം
നികുതി, മെയിന്റനൻസ്, അനുബന്ധ ചെലവുകൾ
10,000-16,000 (റൂട്ട് അനുസരിച്ച്)
60 ശതമാനം
20-25 ശതമാനം
12 ശതമാനം
Kerala
കോഴിക്കോട്: സമയക്രമത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് കോഴിക്കോട്ട് നഗരത്തിൽ വീണ്ടും സ്വകാര്യബസുകൾ തമ്മിൽ കൂട്ടിയിടിപ്പിച്ചു.
കോഴിക്കോട് നഗരത്തില്‍ നിന്നും മാവൂരിലേക്ക് പോവുകയായിരുന്ന രണ്ട് ബസുകള്‍ തമ്മിലാണ് തര്‍ക്കമുണ്ടായത്. കോഴിക്കോട് പുതിയ സ്റ്റാന്‍ഡില്‍ നിന്നും യാത്ര ആരംഭിച്ച ഉടനെയാണ് സംഭവം.
ഇടിയുടെ ആഘാതത്തില്‍ രണ്ട് യാത്രക്കാര്‍ക്ക് പരിക്കേറ്റു. പരിക്ക് സാരമുള്ളതല്ലെന്നാണ് വിവരം. മാവൂരിലേക്ക് പോവുകയായിരുന്ന 'മലബാര്‍' എന്ന ബസ് 'നിള' ബസിലാണ് ഇടിപ്പിച്ചത്. നിള ബസില്‍ ഉണ്ടായിരുന്ന യാത്രക്കാര്‍ക്കാണ് പരിക്കേറ്റത്.
കഴിഞ്ഞയിടെ കോഴിക്കോട് ഓര്‍ക്കാട്ടേരിയിലും മത്സരയോട്ടത്തിനിടെ ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടമുണ്ടായിരുന്നു. പാനൂരില്‍ നിന്ന് വടകരയിലേക്ക് പോവുകയായിരുന്ന "കൈലാസ്' ബസും വടകരയില്‍ നിന്ന് നാദാപുരത്തേക്ക് പോവുകയായിരുന്ന "മസാഫി' ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇടിയില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു
District News
ആലപ്പുഴ: കെഎസ്ആര്‍ടിസി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര തുടങ്ങിയതോടെ സ്വകാര്യബസുകളില്‍ യാത്രക്കാര്‍ ഗണ്യമായി കുറഞ്ഞതായി കേരള ബസ് ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന്. പദ്ധതി തുടർന്നാൽ സ്വകാര്യബസ് വ്യവസായം നഷ്ടത്തിലേക്ക് കൂപ്പുകുത്തുമെന്നും കെബിടിഎ ജില്ലാ കമ്മിറ്റി യോഗം വിലയിരുത്തു.
പ്രിയദർശനി പദ്ധതി തുടങ്ങിയ ഇന്നലെ മാത്രം സ്വകാര്യബസുകൾക്ക് ദിവസവരുമാനത്തില്‍ വടക്കന്‍ കേരളത്തില്‍ 20 ശതമാനവും തെക്കന്‍ കേരളത്തില്‍ 30 ശതമാനവും കുറവാണ് രേഖപ്പെടുത്തിയത്. ഡീസലടിക്കുന്നതിനും തൊഴിലാളികള്‍ക്ക് ശമ്പളം കൊടുക്കുന്നതിനും പണം തികയാതെയായി. സ്വകാര്യബസ് മേഖലയുടെ നിലനില്‍പ്പിനായി ബദല്‍ മാര്‍ഗവും ഡീസലിന് സബ്സിഡിയും ത്രൈമാസ നികുതിയില്‍ കുറവുമടക്കം ആശ്വാസനടപടികള്‍ ഉണ്ടായില്ലെങ്കില്‍ ഈ വ്യവസായം നിന്നുപോകുന്നതിനും പൊതുഗതാഗതരംഗം പാടെ തകരുന്നതിനും ഇടയാകുമെന്നും യോഗം അഭിപ്രായപ്പെട്ടു. കെബിടിഎ ജില്ലാപ്രസിഡന്റ് പി.ജെ. കുര്യന് അധ്യക്ഷനായിരുന്നു. സെക്രട്ടറി എസ്.എം. നാസര്‍, എന്‍. സലിം, ടി.പി. ഷാജിലാല്‍, ബിജു ദേവിക, റിനു സഞ്ചാരി, സുനീര്‍ എന്നിവര്‍ പ്രസംഗിച്ചു.
District News
ചൂണ്ടൽ: വെട്ടുകാട് ആശാരിപ്പടിയിൽ സ്വകാര്യബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 15 പേർക്കുപരിക്ക്. ഇന്നലെ രാവിലെ 8.45ഓടെ ആയിരുന്നു അപകടം.
തൃശൂർ - കുന്നംകുളം റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസുകളാണ് അപകടത്തിൽപ്പെട്ടത്. രാവിലെ കേച്ചേരിയിൽ ഉണ്ടായ അപകടത്തെ തുടർന്ന് വെട്ടുകാട് ആശാരിപ്പടി വഴി ചൂണ്ടലിലേക്കു വരികയായിരുന്ന സ്വകാര്യബസും എതിർ ദിശയിൽ വരികയായിരുന്ന സ്വകാര്യബസും തമ്മിൽ ആശാരിപ്പടിയിൽവച്ച് കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തിൽ പരിക്കേറ്റ രാമനാട്ടുകര ഉണ്ണികൃഷ്ണൻ (47), ഗുരുവായൂർ വിജി (49), മുണ്ടൂർ രാജി(35), കോട്ടപ്പടി രാജീവ് (30), ചാവക്കാട് അസ്ന(20), മമ്മിയൂർ സത്യഭാമ (53), പാലക്കാട് പ്രീത (44), കൈപ്പറന്പ് ഹരിദാസ്(67), ഇരിങ്ങപ്പുറം ഷീജ(45), സാന്ദ്ര(26), വരടിയം അമിത (40), കണ്ടാണശേരി ദേവികൃഷ്ണ(24), തിരുവനന്തപുരം വിജയകുമാരി (61), കാവീട് പ്രസന്ന(45, അണ്ടത്തോട് നാഫിയ(28) എന്നിവരെ ഗുരുവായൂർ ആക്ട്സ് പ്രവർത്തകർ ചൂണ്ടൽ സെന്റ് ജോസഫ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിന്റെ ആഘാതത്തിൽ ഇരു ബസുകളുടെയും മുൻഭാഗം പൂർണമായും തകർന്നു. വിവരമറിഞ്ഞ് കുന്നംകുളം പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
District News
പുത്തൂർ: പുത്തൂർ - മാന്ദാമംഗലം റൂട്ടിലെ സ്വകാര്യ ബസുകൾ സർവീസ് നടത്തിയത് സഹപ്രവർത്തകന്റെ ജീവിതവും ജീവനും തിരികെപ്പിടിക്കാൻ. 23 ബസുകളാണ് കാരുണ്യയാത്ര നടത്തിയത്.
ബസ് ജീവനക്കാരനായിരുന്ന പുത്തൂർ പഞ്ചായത്തിലെ പുത്തൻകാട് സ്വദേശി കട്ടക്കത്തൂട്ടിൽ ഷാജു(53)വിനെ സഹായിക്കാനാണ് തൃശൂർ, പുത്തൂർ, മാന്ദാമംഗലം, കോളാംകുണ്ട്, മരോട്ടിച്ചാൽ, ചേരുംകുഴി, ഒല്ലൂർ, പൊന്നൂക്കര എന്നീ റൂട്ടു കളിൽ സർവീസ് നടത്തുന്ന 23 സ്വകാര്യ ബസുകൾ കാരുണ്യ യാത്ര നടത്തിയത്. വൻകുടലിൽ കാൻസർ രോഗം ബാധിച്ച ഷാജു നിലവിൽ ചികിത്സയിലാണ്.
സാമ്പത്തികമായി പ്രയാസം അനുഭവിക്കുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു ഷാജു. എറണാകുളം ലിസി ആശുപത്രിയിലെ ചികിത്സയ്ക്കായി ഇതിനോടകം വലിയ തുക ചിലവായി. ഇപ്പോൾ ഷാജുവിന്റെ ജീവൻ നിലനിർത്താൻ ഒരു ശസ്ത്രക്രിയ അത്യാവശ്യമാണ്. ശസ്ത്രക്രിയയ്ക്കും തുടർ ചികിത്സയ്ക്കുമായി ലക്ഷങ്ങൾ ആവശ്യമാണ്.
ഷാജുവും ഭാര്യയും രണ്ട് ചെറിയ മക്കളുമടങ്ങുന്ന കുംടുംബം തുടർചികിത്സയ്ക്കായി പണം കണ്ടെത്താനാകാതെ പ്രയാസപ്പെടുന്നു സാഹചര്യത്തിലാണ് ഷാജുവിനെ ജീവിതത്തിലേയ്ക്ക് തിരികെ കൊണ്ടുവരാൻ സ്വകാര്യ ബസുകൾ കാരുണ്യയാത്രയുമായി മുന്നോട്ടുവന്നത്. പിരിഞ്ഞുകിട്ടിയ 3,14,453 രൂപ ഷാജുവിന്റെ കുടുംബത്തിന് കൈമാറും.
ഷാജുവിനെ സഹായിക്കാൻ: കേരള ഗ്രാമീൺ ബാങ്കിന്റെ കുട്ടനെല്ലൂർ ബ്രാഞ്ചിലെ ഷാജു ചികിത്സാ സഹായസമിതി എന്ന പേരിലുള്ള A /C NO: 4032 1101 057 1829, IFSC കോഡ്: KLGB 0040 321 എന്ന അക്കൗണ്ടിലേക്ക് സഹായം നൽകാം.
District News
ഒറ്റപ്പാലം: അമിതവേഗതയിൽ ചീറിപ്പായുന്ന സ്വകാര്യബസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്നാവശ്യം ശക്തം. അമിതവേഗതയിലുള്ള ബസുകളുടെ സഞ്ചാരം പൊതുജനങ്ങൾക്ക് വലിയ ഭീഷണിയാണുയർത്തുന്നത്.
സ്വകാര്യ ബസുകളിൽ യാത്ര ചെയ്യുന്നവരും ശ്വാസമടക്കി പിടിച്ചാണ് ബസുകളിൽ ഇരിപ്പുറപ്പിക്കുന്നത്. അതേസമയം മറ്റു സ്വകാര്യ ബസുകളുമായുള്ള സമയത്തെച്ചൊല്ലിയുള്ള തർക്കവും യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നുണ്ട്. ഇവർ തമ്മിലുള്ള കൊമ്പുകോർക്കൽ മരണപ്പാച്ചിലായി മാറുന്ന സ്ഥിതിയുമുണ്ട്. അമിതവേഗതയിൽ സഞ്ചരിക്കുന്നതും സമയത്തെച്ചൊല്ലി ഇടയ്ക്ക് നിർത്തിയിട്ട് ജീവനക്കാർ തമ്മിൽ തർക്കിക്കുന്നതും ഇത് പിന്നീട് കൈയാങ്കളിയിലേക്ക് എത്തുന്നതുമെല്ലാം യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.
സമയക്രമം പാലിക്കാൻ മത്സരിച്ച് ഓടുന്ന ബസുകളിൽ യാത്രക്കാർക്ക് ജീവൻ കൈയിൽ പിടിച്ചിരിക്കേണ്ട ഗതികേടാണ്. ഭീതിയോടെ ഇരിക്കുന്ന യാത്രക്കാർക്ക് പാതിവഴിയിൽ ഇറങ്ങേണ്ട സ്ഥിതിവരെയുണ്ടാകുന്നുവെന്നും പരാതിയുണ്ട്. ദീർഘദൂരബസുകൾ സമയം തെറ്റിച്ചു പായുന്നതും ലിമിറ്റഡ് സ്റ്റോപ്പ് മാനദണ്ഡങ്ങൾ ലംഘിക്കുന്നതുമാണ് പ്രശ്നമാകുന്നത്.
എല്ലാ ബസുകളും എല്ലാ സ്റ്റോപ്പിലും നിർത്തി യാത്രക്കാരെ കയറ്റുന്നത് ഹ്രസ്വദൂര ബസുകളുടെ വരുമാനത്തെ ബാധിക്കുന്നുവെന്നും പരാതിയുണ്ട്. ബസ് ഉടമകൾക്കും ഇത് പ്രയാസം സൃഷ്ടിക്കുന്നുണ്ട്.
ലിമിറ്റഡ് സ്റ്റോപ്പ് ബസിന് പാലക്കാട്ടുനിന്ന് ഒറ്റപ്പാലത്തേക്ക് ഒരു മണിക്കൂർ 10 മിനിറ്റ് സമയമാണ് അനുവദിച്ചത്. എന്നാൽ ബസുകൾ ഒരുമണിക്കൂറിൽ ഓടിയെത്തുകയാണ് പതിവ്. ഇതാണ് ഉൾപ്രദേശങ്ങളിലൂടെ സഞ്ചരിച്ച് പാലക്കാട്- കുളപ്പുള്ളി പാതയിൽ എത്തുന്ന ബസുകളുമായി തർക്കത്തിനിടയാക്കുന്നത്. പ്രധാനപാതയിൽ ഹ്രസ്വദൂര ബസുകൾക്ക് അനുവദിക്കപ്പെട്ട സമയത്ത് ദീർഘദൂര ബസുകൾ എത്തുമ്പോൾ വരുമാനം കുത്തനെ കുറയുന്നതായാണ് ഉടമകളുടെ ആക്ഷേപം.
പെർമിറ്റ് മാനദണ്ഡങ്ങൾ പാലിച്ച് ഓടണമെന്ന ഹൈക്കോടതി ഉത്തരവുകൾപോലും ദീർഘദൂര ബസുകൾ പാലിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. ആർടി അധികൃതരുടെയും പോലീസിന്റെയും ഇടപെടലുകൾ തീരെ കുറയുന്നതും പ്രശ്നത്തിന്റെ ഗൗരവം വർധിപ്പിക്കുന്നുണ്ട്.
District News
മുണ്ടക്കയം ഈസ്റ്റ്: മുണ്ടക്കയത്തുനിന്നു ഹൈറേഞ്ച് മേഖലയിലേക്ക് സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾ ഹ്രസ്വദൂര യാത്രക്കാരെ അവഗണിക്കുന്നതായി വ്യാപക പരാതി. മുണ്ടക്കയം മുതൽ പെരുവന്താനം വരെയുള്ള യാത്രക്കാരെ കയറ്റാൻ സ്വകാര്യ ബസ് ജീവനക്കാർ വിമുഖത കാണിക്കുന്നതായാണ് ആക്ഷേപം.
ഈ ഭാഗങ്ങളിലേക്കുള്ള യാത്രക്കാർ ബസിൽ കയറി ടിക്കറ്റ് ചോദിക്കുമ്പോൾ ബസ് ഇവിടങ്ങളിൽ നിർത്തില്ലെന്ന മറുപടിയാണ് പലപ്പോഴും കണ്ടക്ടർമാർ നൽകുന്നത്. കട്ടപ്പന, കുമളി തുടങ്ങിയ ദീർഘദൂര സ്ഥലങ്ങളിലേക്കുള്ള യാത്രക്കാരെ മാത്രം ലക്ഷ്യമിട്ടാണ് ഈ നടപടി. ബസിൽ തിരക്കില്ലെന്ന് ദീർഘദൂര യാത്രക്കാർക്ക് തോന്നിപ്പിക്കാനായി സമീപ സ്റ്റോപ്പുകളിലേക്ക് പോകേണ്ടവരെ മനഃപൂർവം ഒഴിവാക്കുകയാണെന്നാണ് ആക്ഷേപം.
മുണ്ടക്കയം ബസ് സ്റ്റാൻഡിൽനിന്ന് പുറപ്പെടുന്നതിന് തൊട്ടുമുമ്പ് മാത്രമാണ് പെരുവന്താനം ഭാഗത്തേക്കുള്ള യാത്രക്കാരെ ബസിൽ കയറാൻ അനുവദിക്കുന്നത്. ദൂരസ്ഥലങ്ങളിലേക്ക് പോകേണ്ടവർക്ക് സീറ്റ് ഉറപ്പാക്കുന്നതിനാണ് ഈ വിവേചനം കാണിക്കുന്നത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള യാത്രക്കാരാണ് ഇതിന്റെ ദുരിതം അനുഭവിക്കുന്നത്.
എന്നാൽ ഇതേ റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസുകൾ യാതൊരു മടിയും കൂടാതെ എല്ലാ യാത്രക്കാരെയും കയറ്റുന്നുണ്ടെന്നും യാത്രക്കാർ പറയുന്നു. സ്വകാര്യ ബസ് ജീവനക്കാരുടെ വിവേചനപരമായ നടപടിക്കെതിരേ ശക്തമായി പ്രതിഷേധിക്കാനും മോട്ടോർ വാഹന വകുപ്പിനും പോലീസിനും പരാതി നൽകാനുമാണ് യാത്രക്കാരുടെ തീരുമാനം.
District News
കണ്ണൂർ: ജില്ലയിൽ രാത്രി എട്ടിന് ശേഷം പെർമിറ്റ് ഉള്ള സ്വകാര്യ ബസുകൾ ട്രിപ്പ് മുടക്കുന്നത് സംബന്ധിച്ച് പരിശോധന നടത്താൻ ജില്ലാ വികസന സമിതിയിൽ തീരുമാനം. ബസുകൾ ട്രിപ്പ് മുടക്കുന്നതിനാൽ പല ഭാഗങ്ങളിലേക്കും രാത്രി യാത്ര ചെയ്യുന്നതിന് വളരെയധികം പ്രയാസമനുഭവപ്പെടുന്നതായി നാട്ടുകാരുടെ പരാതിയുണ്ടെന്നും നടപടിയെടുക്കണമെന്നും മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ യോഗത്തിൽ ആവശ്യപ്പെട്ടതിനെ തുടർന്നാണ് നടപടി. പരിശോധിച്ച് തുടർ നടപടികൾ സ്വീകരിക്കാൻ ജില്ലാ കളക്ടർ അരുൺ കെ. വിജയൻ ആർടിഒയ്ക്ക് നിർദേശം നല്കി.
എംഎൽഎ ഫണ്ടിൽനിന്ന് ഭരണാനുമതി ലഭിച്ച് ടെൻഡർ നടപടികൾ പൂർത്തീകരിച്ച് പ്രവൃത്തി ആരംഭിച്ച പദ്ധതികൾ പല കാരണങ്ങൾ പറഞ്ഞ് നിർത്തിവയ്ക്കാൻ കണ്ണൂർ കോർപറേഷൻ സെക്രട്ടറി നിർദേശിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതായി മന്ത്രി പറഞ്ഞു. എല്ലാ കാര്യങ്ങളും പരിശോധിച്ചാണ് ഭരണാനുമതി നല്‍കുന്നത്. കോർപറേഷൻ നിർത്തിവയ്ക്കാൻ നിർദേശിച്ച പ്രവൃത്തികൾ പരിശോധിച്ച് അവയെല്ലാം പെട്ടെന്ന് തുടങ്ങുന്നതിന് നിർദേശം നൽകണം. കണ്ണൂർ ഗവ ഹോമിയോ ആശുപത്രി കെട്ടിടം, കണ്ണൂർ ടൗൺ സ്ക്വയർ പാർക്കിംഗ് ഏരിയയിൽ നിർമിക്കുന്ന പന്തൽ, തോട്ടട ടൗൺ സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി ലൈറ്റ് സ്ഥാപിക്കൽ എന്നിവയ്ക്ക് കോർപറേഷൻ ഇതുവരെ അനുവാദം നൽകാതെ സ്ഥിതിയുണ്ടെന്നും മന്ത്രി പറഞ്ഞു.
ജില്ലയിലെ എംഎൽഎ ഫണ്ട് പദ്ധതികളുടെ നിർവഹണം വേഗത്തിലാക്കണമെന്ന് എംഎൽഎമാരായ ടി.ഐ. മധുസൂദനൻ, കെ.വി.. സുമേഷ്, കെ.പി. മോഹനൻ എന്നിവർ ആവശ്യപ്പെട്ടു.
പാനൂരിൽ അഗ്നിരക്ഷാനിലയത്തിന് പുതുതായി നിർമിച്ച കെട്ടിടം മാർച്ച് ആഞ്ചിന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുമെന്ന് കെ.പി. മോഹനൻ എംഎൽഎ അറിയിച്ചു.
ആറളം ഫാം പുനരധിവാസ മേഖലയിൽ താമസിക്കുന്ന പട്ടികവർഗക്കാരുടെ പട്ടയ അപേക്ഷകളിൽ ഘട്ടം ഘട്ടമായി ഭൂമി അനുവദിച്ച് നൽകുന്നുണ്ടെന്ന് ഐടിഡിപി പ്രോജക്ട് ഓഫീസർ അറിയിച്ചു. ഇതിന്റെ ഭാഗമായി ഇപ്പോൾ എട്ട് കുടുംബങ്ങൾക്ക് പട്ടയം നൽകിയിട്ടുണ്ട്. ആറളം ഫാം പുനരധിവാസ മേഖലയിലെ കുടുംബങ്ങൾക്കായി ബ്ലോക്ക് പത്തിലെ അങ്കണവാടിയിൽ കഴിഞ്ഞ രണ്ട് ആഴ്ചകളിലായി എല്ലാ ശനിയാഴ്ചകളിലും ലീഗൽ എയ്ഡ് ക്ലിനിക് നടക്കുന്നുണ്ട്.
ആറളം പുനരധിവാസ മേഖലയിലെ ഒൻപതാം ബ്ലോക്കിൽ വന്യജീവി സങ്കേതത്തിന് അടുത്തായി നിർമിച്ച എൽപി സ്കൂൾ കെട്ടിടം ഉപയോഗശൂന്യമായി കിടക്കുന്നതിനാൽ കുടുംബശ്രീ മിഷൻ ട്രൈബൽ കമ്യൂണിറ്റി മാനേജ്മെന്റ് ട്രെയിനിംഗ് സെന്ററായി അനുമതി ലഭിക്കുന്ന സാഹചര്യത്തിൽ കുടുംബശ്രീക്ക് കൈമാറും.
മാങ്ങാട്ടുപറമ്പ് കെൽട്രോൺ നഗറിലുള്ള കേന്ദ്രീയ വിദ്യാലത്തിന്റെ പരിസരത്തുകൂടി കടന്നുപോ കുന്ന കെഎസ്ഇബി ഇലക്ട്രിക്കൽ ലൈനുകളും 100 കെവിഎ ട്രാൻസ്ഫോർമറും മാറ്റി സ്ഥാപിക്കുന്നതിന് എസ്റ്റിമേറ്റ് തയാറാക്കി
ഇരിട്ടി-തളിപ്പറമ്പ് ഹൈവേയിൽ നിന്ന് ആരംഭിച്ച് കല്യാട് അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രത്തിലേക്കുള്ള റോഡ് അറ്റകുറ്റപ്പണികൾ നടത്തി ഗതാഗത യോഗ്യമാക്കുന്നതിന് 32 ലക്ഷം രൂപ വകയിരുത്തി.
പട്ടികജാതി, പട്ടികവർഗ ഉന്നതികളിലെ കുടിവെള്ള പ്രശ്നം പരിഹരിക്കണമെന്ന സജീവ് ജോസഫ് എംഎൽഎ യുടെ നിർദേശ പ്രകാരം അടിയന്തര റിപ്പോർട്ട് ലഭ്യമാക്കാൻ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർമാർക്ക് നിർദേശം നൽകിയതായി ഐടിഡിപി പ്രോജക്ട് ഓഫീസർ അറിയിച്ചു. പ്രശ്നപരിഹാരത്തിന് ഫണ്ട് അനുവദിക്കുകയും വിവിധ പഞ്ചായത്തുകൾ വഴി പുതിയ ടാങ്കുകൾ സ്ഥാപിക്കാനുള്ള നടപടികളും അറ്റകുറ്റപ്പണികളും വേഗത്തിലാക്കുകയും ചെയ്തിട്ടുണ്ട്.
മലയോര മേഖലയിൽ ബിഎസ്എൻഎൽ മൊബൈൽ കണക്ഷനിൽ റേഞ്ച്, നെറ്റ് വർക്ക് പ്രശ്നത്തെ തുടർന്ന് നിലവിൽ കുറച്ച് മേഖലയിൽ പ്രശ്നം പരിഹരിച്ചിട്ടുണ്ടെന്നും മറ്റ് മേഖലയിൽ മാർച്ച് അവസാനത്തോടെ പരിഹരിക്കുമെന്നും ബിഎസ്എൻഎൽ അധികൃതർ അറിയിച്ചു കളക്ടറേറ്റ് ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ, കെ.പി. മോഹനൻ എംഎൽഎ, ഡപ്യൂട്ടി ജില്ലാ പ്ലാനിംഗ് ഓഫീസർ സി.പി. സുധീഷ്, വകുപ്പ് ഉദ്യോഗസ്ഥർ, തുടങ്ങിയവർ പങ്കെടുത്തു.
Movies
പൊതു പണിമുടക്കിനെ തുടർന്ന് എറണാകുളത്തെ നിരത്തുകളിൽ സ്വകാര്യ ബസുകൾ ഇല്ലാതിരുന്നപ്പോൾ വളരെ ശാന്തവും സമാധനവും അനുഭവപ്പെട്ടന്ന് സംവിധായകൻ ജൂഡ് ആന്തണി ജോസഫ്.
സ്വകാര്യ ബസുകള്‍ ഇല്ലാത്ത എറണാകുളത്തെ റോഡുകള്‍ എന്തൊരു ശാന്തമെന്നും മറ്റേതോ രാജ്യത്ത് പോയതുപോലെ തോന്നുന്നുവെന്നും ജൂഡ് കുറിച്ചു. നന്നായി ബസോടിക്കുന്ന ചുരുക്കം ചിലരെ മറക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
""പ്രൈവറ്റ് ബസില്ലാത്ത എറണാകുളം റോഡുകള്‍ എന്തൊരു ശാന്തം സമാധാനം. ഇന്നലെയും ഇന്നും വേറെ രാജ്യത്തു പോയ പോലെ (നന്നായി ഓടിക്കുന്ന ചുരുക്കം ചിലരെ മറക്കുന്നില്ല).''ഇതായിരുന്നു ജൂഡ് ആന്തണി ജോസഫിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്.
നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുമായെത്തിയത്. ഭൂരിഭാഗവും അലക്ഷ്യമായ ഡ്രൈവിംഗാണെന്ന് ഒരാള്‍ കമന്റിട്ടു. കേരളത്തിലെ ഏറ്റവും മോശം ബസ് ഡ്രൈവര്‍മാര്‍ എറണാകുളത്താണെന്നാണ് മറ്റൊരാള്‍ രോഷത്തോടെ കുറിച്ചത്.
എല്ലാവരും സ്വന്തം വാഹനം ഉപയോഗിക്കണമെന്നാണോ എന്ന് മറ്റൊരാള്‍ പോസ്റ്റിനെ എതിര്‍ത്തുകൊണ്ട് ചോദിച്ചു. "എല്ലാവര്ക്കും ഇങ്ങളെ പോലെ കാര്‍ ഇല്ലല്ലോ മുത്തേ, സാധാരണക്കാര്‍ക്കും യാത്ര ചെയ്യണ്ടേ' എന്ന് മറ്റൊരാള്‍. ആര്‍ടിഒ തന്ന സമയം പാലിച്ചുകൊണ്ട് എറണാകുളം വഴി ബസ് ഓടിച്ച് എത്തിക്കാന്‍ കഴിയുമോ എന്നൊരാള്‍ ജൂഡിനെ കമന്റ് ബോക്സില്‍ വെല്ലുവിളിച്ചു.